You are currently viewing ഭാരതത്തിലെ നാണയങ്ങളുടെ പഴയ കാല ചരിത്രം പുരാതന ഇന്ത്യ

ഭാരതത്തിലെ നാണയങ്ങളുടെ പഴയ കാല ചരിത്രം പുരാതന ഇന്ത്യ

  • Post category:Malayalam
  • Reading time:4 mins read

ഗംഗാ, നർമദ സമതലങ്ങളിൽ മൗര്യ, മഗധ സാമ്രാജ്യങ്ങൾ നാണയങ്ങൾ നടപ്പിലാക്കിയിരുന്നു. ചിഹ്നങ്ങൾ പതിച്ച, ചതുരത്തിലും വൃത്താകൃതിയിലുമുള്ള നാണയങ്ങളായിരുന്നു അവ. പ്രാദേശികമായ പ്രത്യേകതകളും പ്രാധാന്യവുമനുസരിച്ച്, ശൈലങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, മരങ്ങൾ, മനുഷ്യരൂപങ്ങൾ, ജ്യാമിതീയ ചിത്രങ്ങൾ തുടങ്ങിയവ ആലേഖനം ചെയ്തിരുന്നു. ഇവയ്ക്കും മൗര്യഘട്ടത്തിന് മുന്നെയുള്ള നാണയങ്ങൾക്കും വ്യാപക പ്രചാരമുണ്ടായിരുന്നു. ചാപ്പകുത്ത് നാണയങ്ങളുടെ വ്യാപനത്തിന് നൂറ്റാണ്ടുകളുടെ (ബി.സി. 6 – എഡി 11) ചരിത്രമുണ്ട്. ആഭ്യന്തരവൈദേശിക വ്യാപാരം വൻതോതിൽ നടന്നിരുന്നു എന്നതിന് തെളിവുകളാണ് നാണയങ്ങളുടെ വ്യാപനം.

550-ൽപ്പരം ചിഹ്നങ്ങൾ ഈ നാണയങ്ങളിൽ ആലേഖനം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അവയുടെ അർഥസൂചനകൾ ഇപ്പോഴും അവ്യക്തമായി തുടരുന്നു. ആദ്യകാല പരമ്പരകളിലൊന്നായ ശതമന നാണയം (bent bar coins) പാകിസ്താൻ പ്രദേശത്തുനിന്നും, കപ്പ് രൂപത്തിലുള്ള നാണയം ജനൻപുരിലെ രംഗനഗറിൽനിന്നും കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശിലെ പൈലശേഖരം, മൌര്യകാലത്തിനു മുമ്പുള്ള നാല് വ്യത്യസ്ത രീതിയിലുള്ള നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബി.സി. 317-ലേതെന്നു കരുതുന്ന രണ്ടുനാണയങ്ങളും, അലക്സാണ്ടറുടെയും അദ്ദേഹത്തിന്റെ അർധസഹോദരൻ ഫിലിപ്പ് അറിസിയസിന്റെ നാണയങ്ങളും ലഭ്യമായിട്ടുണ്ട്. ആലേഖനങ്ങളില്ലാത്ത ചെമ്പ് വാർപ്പ് നാണയങ്ങളും ആലേഖനങ്ങളുള്ള നാണയങ്ങളും കണ്ടെത്തപ്പെട്ടവയിൽപ്പെടുന്നു.

ജനപഥനാണയം (ബി.സി. 2 ശ. – എ.ഡി. 3 ശ.)

ജനപഥനാണയം മൗര്യസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം വന്ന ട്രൈബൽ രാജ്യത്തിന്റെ നാണയവമാവാമെന്നു കരുതപ്പെടുന്നു. അശോകന്റെ മരണാനന്തരം പട്ടണങ്ങളിലും സാമന്തരാജ്യങ്ങളിലും നാണയനിർമ്മാണം സജീവമായി. 3-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഗ്രീക്കുകാർ കീഴടക്കിയതിനെത്തുടർന്ന് അവിടങ്ങളിലെ നാണയനിർമ്മാണത്തിൽ ഗ്രീക്ക് കലാരീതി പ്രകടമായി.

ഗാന്ധാര, തക്ഷശിലാ നാണയങ്ങൾ മിക്കതും ഉപയോഗിച്ചിരുന്നത് കച്ചവടക്കാരാണ്. ചിലതിൽ സ്ഥലനാമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ചെമ്പ് നാണയങ്ങൾ ചെറുതും, ചാപ്പകുത്ത് നാണയങ്ങൾ വലുതുമാണ്. ട്രൈബൽ നാണയങ്ങളിൽ അവരുടെ ഐതിഹ്യങ്ങൾ, ഓഡുംബരർ, യൗദ്ധേയ, അർജുനായന തുടങ്ങിയ രാജ്യനാമങ്ങൾ, ഉജ്ജയിനി. ഉദ്ദേഹിക തുടങ്ങിയ പട്ടണങ്ങളുടെ പേരുകളും മുദ്രണം ചെയ്തിരിക്കുന്നു. ഇവ ഇന്ത്യയിലെ ആദ്യ മുദ്രിത നാണയങ്ങളാണ്. ശൈവ, ബുദ്ധ, ബ്രാഹ്മണ വിശ്വാസലോകങ്ങൾ പ്രതീകാത്മകമായി നാണയങ്ങളിൽ കടന്നു വന്നിരുന്നു.

ഇന്തോ-ഗ്രീക്കു നാണയങ്ങൾ (ബി.സി. 2-3 ശ.)

അലക്സാണ്ടറുടെ ആക്രമണത്തോടെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യയുടെ നാണയ ചരിത്രത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചു. സ്വർണം, ചെമ്പ്, നിക്കൽ, വെള്ളി നാണയങ്ങൾ (വൃത്താകാരം, ചതുരം) ഇക്കാലത്ത് പ്രചരിപ്പിക്കപ്പെട്ടു. രാജകിരീടവും രാജകീയ മുദ്രകളും പതിച്ച ഡ്രാക്കമും ടെട്രാഡ്രാക്കമും വ്യാപകമായുണ്ടായിരുന്നു. ഗ്രീക്കുകാർ ബാക്ട്രിയയിലെ നാണയങ്ങളിൽ ആറ്റിക് മാനക ഭാരം നടപ്പിലാക്കി. അഗത്തൊ ക്ളെസ്സിന്റെ നാണയങ്ങൾ തക്ഷശിലയിലെ ചെമ്പു നാണയങ്ങൾക്ക് തുല്യമായതിനാൽ അവർക്ക് പിൻവലിക്കേണ്ടതായി വന്നു. ഡൈഡ്രാക്കംസ്, ഹെമിഡ്രാക്കംസ് എന്നീ വെള്ളി നാണയങ്ങളും പ്രചാരത്തിലുണ്ടായിരുന്നു.

വെള്ളിയിലും ചെമ്പിലും ചെയ്ത മികച്ച അലങ്കാരപ്പണികളുള്ള നാണയങ്ങൾ ഇന്തോ-ഗ്രീക്കു സംസ്കാരം നാണയമേഖലയ്ക്ക് നല്കിയ മികച്ച സംഭാവനയാണ്.

ഇന്തോ-സെയ്തിയൻസ് (ബി.സി. 1 ശ. – എ.ഡി. 1 ശ.)

ഇന്തോ-ഗ്രീക്കു പാരമ്പര്യത്തിലുള്ളവയാണ് ഈ നാണയങ്ങൾ. മുഖഭാഗത്ത് കുന്തമേന്തിയ അശ്വാരൂഢനായ രാജാവും മറുഭാഗത്ത് ഗ്രീക്കു ദേവതമാരുമുള്ള വെള്ളിനാണയങ്ങളും, പൂർണതയുള്ള കാളയെ മുദ്രണം ചെയ്ത നാണയങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. മവൂസ് ബുദ്ധനെപ്പോലെ ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രമുള്ള ചെമ്പു നാണയങ്ങളും, അഭിഷേതലക്ഷ്മിയുടെ രൂപമുള്ള ചെമ്പു നാണയങ്ങളും നിലനിന്നിരുന്നു.

പടിഞ്ഞാറൻ ക്ഷത്രപ(എ.ഡി. 1-4 ശ.)

പടിഞ്ഞാറൻ ക്ഷത്രപ രാജാക്കന്മാരിലെ ആദ്യപഥികരിൽ ക്ഷഹാരത ഭുമക (എ.ഡി. 90-105) നാണ് ചെമ്പു നാണയങ്ങൾ നടപ്പിൽ വരുത്തിയത്. ഇന്തോ-ഗ്രീക്കു നാണയങ്ങളായ ഡ്രാക്കംസ്, ഹെമിഡ്രാക്കംസിന്റെയും അനുകരണങ്ങളായിരുന്നു പല നാണയങ്ങളും. ചാഷ്തനന്റെ കീഴിൽ കർധമക ഭരണാധികാരികൾ ക്ഷാത്രപപ്രദേശങ്ങൾ കീഴടക്കിയപ്പോൾ അവരുടെ നാണയങ്ങളിൽ ശകവർഷം രേഖപ്പെടുത്തുകയും ഭരിക്കുന്ന രാജാവിന്റെ പേരുകൾ മാത്രമല്ല, ബന്ധുക്കളുടെയും പിന്തുടർച്ചക്കാരുടെയുമൊക്കെ പേരുകൾ ബ്രാഹ്മി ലിപികളിൽ രേഖപ്പെടുത്തുകയും ചെയ്തു.

കുശാനന്മാർ (എ.ഡി. 1-4 ശ.)

ആദ്യ കുശാനരാജാവ് കജുല കഡ്ഫിസസിന്റെ നാണയങ്ങൾ ഗ്രീക്കു രാജാവ് ഹെർമിയൂസിന്റെ നാണയ സംവിധാനങ്ങളുടെ തുടർച്ചയായിരുന്നു. ചില ചെമ്പുനാണയങ്ങളിൽ ഇന്തോ സൈഥികൻ എന്നു തോന്നിക്കുന്ന കിരീടം ധരിച്ച റോമൻ തലയും മറുഭാഗത്ത് കുജുല കഡ്ഫിസസിനെയും ചിത്രീകരിച്ചിരിക്കുന്നു.

വൈ കഡ്ഫിസസ് നാണയനിയന്ത്രണ സംവിധാനങ്ങൾ രൂപപ്പെടുത്തുകയും ആവർത്തനസ്വഭാവമുള്ളവയെ മാറ്റി പകരം നാണയങ്ങൾ നടപ്പിലാക്കുകയും ചെയ്തു. നാണയഭാരം കുറച്ചുകൊണ്ട് കൈകാര്യം ചെയ്യാനുളള സൗകര്യം വർധിപ്പിച്ചു. വലിയ ചെമ്പുനാണയങ്ങളും അവയുടെ ചെറുവിഭാഗങ്ങളും പുറത്തിറക്കി. സ്വർണനാണയങ്ങളായ ഡബിൾ ദിനാർ, ദിനാർ, കാൽദിനാർ എന്നിവ നടപ്പിലാക്കി.

ഗ്രീക്കോ റോമൻ, ഹെലനിസ്റ്റിക്, ഇറാനിയൻ, ഭാരതീയരീതികൾ കലാപരമായി ഉൾക്കൊള്ളിച്ച കനിഷ്കന്റെയും ഹവിഷ്കന്റെയും നാണയങ്ങൾ ഈ രാജ്യങ്ങളുമായി നിലനിന്ന ദൃഢബന്ധത്തിന്റെ വ്യക്തമായ തെളിവുകളാണ്. ആരാധനാമൂർത്തികളെ കൊത്തിയ സ്വർണനാണയങ്ങൾ വിദേശകൈമാറ്റങ്ങൾക്കുള്ളവയായിരുന്നു.

ബുദ്ധിസ്റ്റ് സ്തൂപങ്ങളുടെ അരികിൽ നിന്നും കുമ്രഹർ, വൈശാലി, ബക്സ, ഷെർഗാഹ്, ഉപ്തര, ലൗറിയ, നന്ദൻഗർ, ബിഹാർ, ബാംഗ്ലദേശ്, മാഡ, പശ്ചിമബംഗാൾ, ഒറീസ്സ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും റഷ്യൻ പ്രദേശങ്ങൾ, മധ്യേഷ്യ, സാബ്രസമൊവിലെ ഗുഹകൾ, എത്യോപ്യയിലെ ബുദ്ധവിഹാരങ്ങൾ എന്നിവിടങ്ങളിൽനിന്നും മറ്റും ധാരാളം സ്വർണ നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഗുപ്തന്മാർ (എ.ഡി. 4-6 ശ.)

ഇവരുടെ നാണയങ്ങൾ മിക്കവാറും കണ്ടെടുക്കപ്പെട്ടത് കിഴക്കൻ ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ ഭാഗങ്ങളിൽനിന്നാണ്. കുശാനന്മാരുടേതിനെ അപേക്ഷിച്ച് മികച്ച സൗന്ദര്യാത്മകത പുലർത്തുന്നവയാണ് ഗുപ്തന്മാരുടെ നാണയങ്ങൾ. നാണയഭാരം കുശാനന്മാരുടെ അളവിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.

പൊതുവിൽ രാജാവിന്റെ ചിത്രം മുഖഭാഗത്തും ദേവതകൾ മറുഭാഗത്തുമായി കാണപ്പെടുന്നു. രാജാവും രാജ്ഞിയുമുള്ള ചന്ദ്രഗുപ്തൻ 1-ാമന്റെ സ്മാരകനാണയം പ്രസിദ്ധമാണ്. ലച്ചവിയിലെ രാജകുമാരിയുടെ വിവാഹ സ്മാരകമാണിത്. ബ്രാഹ്മി സംസ്കൃത ലിപികളിൽ ലിഖിതങ്ങളുള്ള സമുദ്രഗുപ്തന്റെ അശ്വമേധ നാണയം പ്രസിദ്ധമാണ്. സമുദ്രഗുപ്തൻ II (എ.ഡി. 385-414) അദ്ദേഹത്തിന്റെ നാണയങ്ങൾക്ക് പരമഭട്ടാരക, പരമഭാഗവത, മഹാരാജാധിരാജ, വിക്രമാദിത്യ തുടങ്ങിയ പേരുകൾ നല്കി.

ചന്ദ്രഗുപ്തൻ II-ാമന്റെ കാലത്ത് വെള്ളിനാണയങ്ങൾ ആരംഭിക്കുകയും സ്കന്ദ, ബുധ ഗുപ്തന്മാരുടെ കാലത്തോളം തുടരുകയും ചെയ്തു. കുമാരഗുപ്തൻ ഒന്നാമൻ (എ.ഡി. 414-455) നിലവിലുള്ള നാണയങ്ങൾക്കു പുറമേ വാളോങ്ങിയ മനുഷ്യൻ, കാണ്ടാമൃഗഘാതകൻ, കാർത്തികേയ, അപ്രതിഘ നാണയങ്ങൾ എന്നിവയ്ക്കും തുടക്കം കുറിച്ചു. ഇത് രാജകീയ താത്പര്യങ്ങൾ വെളിവാക്കുന്നു.

ചെമ്പ് നാണയങ്ങൾ അപൂർവകങ്ങളായിരുന്നു. ഇറാനിൽനിന്നും മറ്റും ഗുപ്തനാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

തമിഴ്നാട്

ക്രിസ്തുവർഷത്തിനു മുമ്പ് തമിഴ് രാജ്യങ്ങളിൽ നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 17-ാം നൂറ്റാണ്ടുവരെ തുടർച്ചയായി ഇത് കാണാം. എന്നാൽ അഞ്ച് മുതൽ ഏഴു വരെ നൂറ്റാണ്ടുകളിൽ ഒരു ഇടവേള ദർശിക്കാൻ കഴിയും. രാജാക്കന്മാരൊടൊപ്പം വാണിജ്യസംഘങ്ങളും നാണയങ്ങൾ ഉത്പാദിപ്പിച്ചിരുന്നു. ഇത് പില്ക്കാലത്തും തുടർന്നുവന്നു.

സംഘകാല സാഹിത്യത്തിൽ വ്യത്യസ്തങ്ങളായ നാണയങ്ങളെക്കുറിച്ച് പരാമർശമുണ്ട്. ചേര, ചോള, പാണ്ഡ്യ വംശങ്ങളായിരുന്നു പ്രധാന രാജാക്കന്മാർ. ചാപ്പകുത്ത് നാണയങ്ങളും, വെള്ളിയിലും ചെമ്പിലുമുള്ള നാണയങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ആണ്ടിപ്പട്ടി ഗ്രാമത്തിൽനിന്ന് കണ്ടെടുക്കപ്പെട്ട വൃത്താകൃതിയിലുള്ള നാണയങ്ങളിൽ മലകളും നദികളുമെന്ന് തോന്നിക്കുന്ന അടയാളങ്ങളുണ്ട്. ഇവ രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലേതാണെന്ന് അഭിപ്രായമുണ്ട്. ഒരു ഭാഗത്ത് സംഘകാല മുഖ്യൻ ‘തിണ്ണൻ ഇട്ടിരൻ ചെണ്ടൻ, ആനയോടൊപ്പം നില്ക്കുന്നതും രേഖപ്പെടുത്തിയിരിക്കുന്നു.

റോമൻ നാണയങ്ങൾ വ്യാപാരികൾക്കിടയിൽ ഏറെ പ്രിയങ്കരമായിരുന്നു. സു. 80 റോമൻ നാണയശേഖരങ്ങൾ കണ്ടെത്തിയതിൽ 41-ഉം ദക്ഷിണേന്ത്യയിൽ നിന്നാണ്; പ്രത്യേകിച്ചും തമിഴ്നാട്, കേരളം, കർണാടകം എന്നിവിടങ്ങളിൽ നിന്ന്.

പല്ലവന്മാർ (എ.ഡി. 6-9 ശ.)

ഒരു ഭാഗത്ത് സിംഹവും മറുഭാഗത്ത് താലവുമുള്ള ചെമ്പുനാണയവും മുഖഭാഗത്ത് കാളയും മറുപുറം വ്യത്യസ്തയിനം ഉപകരണങ്ങളുമുള്ള മറ്റൊരിനവും പല്ലവരുടെ കാലത്ത് പ്രചാരത്തിലിരുന്നു.

മധുരയിലെ പാണ്ഡ്യർ (എ.ഡി. 6-14 ശ.)
തിരുത്തുക
സംഘകാലം മുതൽ 14-ാം ശ. വരെ തുടർച്ചയായി പാണ്ഡ്യരുടെ നാണയങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവ ആദ്യകാല പാണ്ഡ്യ നാണയങ്ങൾ, 6-9 നൂറ്റാണ്ടുവരെയുള്ള നാണയങ്ങൾ, 10-12 നൂറ്റാണ്ടുകളിലെ മധ്യകാല നാണയങ്ങൾ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി തരംതിരിച്ചിരിക്കുന്നു. ഒന്നാം ഘട്ടത്തിലെ നാണയങ്ങൾ അപൂർവങ്ങളാണ്.

വരഗുണ കകന്റേതെന്ന് കരുതപ്പെടുന്ന തദ്ദേശീയ സ്വർണ നാണയങ്ങളും, മത്സ്യവും കാളകളും ആലേഖനം ചെയ്ത ചെമ്പു നാണയങ്ങളും ‘സൈലോൺ-മനുഷ്യൻ’ മാതൃകയിലുള്ള നാണയങ്ങളും കണ്ടെത്തിയവയിൽപ്പെടുന്നു. ചോള സ്വാധീനമുള്ള ഈ നാണയത്തിന്റെ മുഖഭാഗത്ത് ‘നില്ക്കുന്ന മനുഷ്യനും’ മറുഭാഗത്ത് ‘ഇരിക്കുന്ന മനുഷ്യനു’മാണ്.

ചോളന്മാർ (എ.ഡി. 9-13 ശ.)

തമിഴ്നാടിന്റെ പ്രത്യേക സാമൂഹിക സാമ്പത്തിക കാരണങ്ങളാൽ 3-9 നൂറ്റാണ്ടുവരെ ചോളവംശം ചെറുപ്രദേശത്ത് ഒതുങ്ങിനില്ക്കുകയായിരുന്നു. 9-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അവർ ശക്തരാവുകയും, കേരളത്തിന്റെ ഭാഗങ്ങളും തമിഴ്നാട് പൂർണമായും അധീനതയിലാക്കുകയും ചെയ്തു. സ്വർണം, വെള്ളി, ചെമ്പ് നാണയങ്ങളിൽ വെള്ളി താരതമ്യേന കുറവായിരുന്നു. ചെമ്പ് നാണയങ്ങളായിരുന്നു പില്ക്കാല ചോളന്മാരുടെ മുഖ്യനാണയം. ചോളന്മാരുടെ ചിഹ്നമായ കടുവയും ചേര, പാണ്ഡ്യ ചിഹ്നങ്ങളായ വില്ലും മത്സ്യവും ഈ നാണയങ്ങളിൽ കാണാം.

ധാരാളം ചൈനീസ്, അറബ് നാണയങ്ങൾ (9-14 നൂറ്റാണ്ടുകളിലേതെന്ന് കരുതുന്നവ) ദക്ഷിണേന്ത്യയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കൈയ്വാൻ, കയി-ഹയി ഭരണകാലത്തെ ചൈനീസ് ചെമ്പു നാണയശേഖരം തഞ്ചാവൂരിൽനിന്ന് ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ ശേഖരം 6-13 നൂറ്റാണ്ടിലെ ‘ചിങ്താൻ’ ഭരണകാലത്തേതും 2-13 നൂറ്റാണ്ടിലെ ത്സിൻ ഹുവായ് ഭരണാധികാരികളുടേതുമാണ്. ഈ പ്രദേശങ്ങൾക്ക് ചൈനീസ്, അറബ് പ്രദേശങ്ങളുമായി നിലനിന്ന വർധിച്ച വ്യാപാരബന്ധങ്ങളുടെ നിദർശനമായി ഇതിനെ കണക്കാക്കാം.

മധ്യകാല നാണയങ്ങൾ

സുൽത്താനേറ്റ് (എ.ഡി. 11-12 ശ.)

അറബ്, തുർക്കി, മുഗൾ രാജവംശങ്ങളുടെ നാണയങ്ങൾ ഉൾപ്പെടുന്നതാണ് ഇന്ത്യയിലെ മധ്യകാല നാണയങ്ങൾ. ഇവ 8-9 നൂറ്റാണ്ടുകളിൽ ആരംഭിച്ച് പതിനൊന്ന് നൂറ്റാണ്ടുകളോളം നിലനിന്നു. ഇസ്ലാമിക സാംസ്കാരിക രൂപങ്ങൾ നാണയനിർമ്മാണത്തിൽ പ്രതിഫലിച്ചു തുടങ്ങിയത് ഇക്കാലത്തോടെയാണ്.

തുർക്കിയിലെ സുൽത്താന്മാർ
ടാങ്ക, ദിർഹം എന്നിവ നടപ്പിലാക്കിയത് തുർക്കികളായണ്. നാണയത്തിന്റെ മുഖവശത്ത് അറബിക് കുഫിക് ലിപിയിലും മറുവശത്ത് സംസ്കൃത ലിപിയിലും ‘കലിമ’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇവരുടെ നാണയങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൃത്യത പുലർത്തുന്നവയാണ്.

ശമ്പളവും കൂലിയുമൊക്കെ നല്കിയിരുന്നത്, ‘ദെഹ്ലിവൽസ്’ എന്ന നാണയത്തിലായിരുന്നു. ഇതിനു പകരം പിന്നീട് ‘ജിതൽസ്’ സ്ഥാപിക്കപ്പെട്ടു. ടാങ്കയായിരുന്നു ഔദ്യോഗിക നാണയം. ‘അശ്വാരൂഢനും’ ലിഖിതവുമുള്ള നാണയങ്ങൾ 1210-ൽ കുത്ബുദ്ദിൻ ഐബക്കാണ് നടപ്പിലാക്കിയത്.

ആദ്യകാല സുൽത്താന്മാർ (1206-1526)

സാമ്പത്തിക രംഗത്തുണ്ടായ ഗണ്യമായ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ഭരണാധികാരികളുടെ നാണയരീതി. തുർക്കികളുടെ ‘ടാങ്ക’ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ്. സ്വർണം, വെള്ളി, ചെമ്പ്, ബില്ലൻ (വെള്ളി-ചെമ്പ് ലോഹസങ്കരം) നാണയങ്ങൾ ഇവർ ഉപയോഗിച്ചു. സ്വർണം, വെള്ളി ഭാരാനുപാതം ഏകീകൃതമായി നിലനിർത്താൻ ശ്രമിക്കുകയും, സ്വർണനാണയ ശേഖരം വർധിപ്പിക്കുകയും ചെയ്തു.

ആദ്യകാല ‘ടാങ്ക’യിൽ അശ്വാരൂഢനും, മറുവശത്ത് അറബി ലിഖിതങ്ങളുമുണ്ട്. 175 ഗ്രാം വെള്ളി ‘ടാങ്ക’ നടപ്പിലാക്കിയത് ഇൽത്തുമിഷ് ആണ്. ഇതിനുവേണ്ടി മാനകഭാരം നടപ്പിലാക്കി; നൂറ് രതിസ്, 175 ഗ്രെയിൻസിന് തുല്യമായിരുന്നു. അലാവുദ്ദീൻ മൗസദ് സ്വർണനാണയങ്ങളും വെള്ളി ‘ടാങ്ക’യ്ക്ക് തുല്യമായ ഭാരമാനകത്തിലാക്കി. പേർഷ്യൻ ലിഖിതങ്ങളുള്ള ഇവ കൃത്യതയുള്ളതും മനോഹരങ്ങളുമായിരുന്നു.

ഖൽജി ഭരണാധികാരി (1290-1320) അലാവുദ്ദീൻ മുഹമ്മദ് ഷാ രണ്ടാം അലക്സാണ്ടർ എന്നർഥം വരുന്ന സികന്ദർ അൽ സാനി എന്ന് സ്വയം സംബോധന ചെയ്യാൻ തുടങ്ങി എന്നു മാത്രമല്ല ഖലീഫയുടെ വലംകൈയായി സ്വയം അവരോധിക്കുകയും ചെയ്തു. ഇതിന്റെ സാക്ഷ്യങ്ങളാണ് ഇദ്ദേഹത്തിന്റെ കാലത്തെ നാണയങ്ങൾ. കുനബ്ദീൻ മുബാറക് ചതുരനാണയങ്ങളിറക്കി. ഖലീഫയെ വാഴ്ത്തുന്ന പരാമർശങ്ങൾ ഒഴിവാക്കുകയും പകരം സ്വന്തം അപദാനങ്ങൾ ഉപയോഗിക്കുകയും ചെയ്തു.

തുഗ്ലക്കുമാർ (1320-1412)

മുഹമ്മദ്ബിൻ തുഗ്ളക്കിന്റെ ‘ടാങ്ക’ ഖൽജിമാരുടെ നാണയങ്ങളെക്കാൾ സൗന്ദര്യവും ഗുണനിലവാരമുള്ളതും വ്യത്യസ്തവുമായിരുന്നു. ‘അദലി’ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി പരാജയപ്പെട്ട നാണയമാണ്. നാണയം നാണയങ്ങൾക്കു പകരമായി വെങ്കലത്തിലും ചെമ്പിലുമുള്ള ടോക്കണുകളും അവർ നടപ്പിലാക്കി.

തുഗ്ലക്കിന്റെ നാണയങ്ങളിലാണ് വ്യക്തിമുദ്രകൾ ഏറെ കാണുന്നത്. ചില സ്വർണ ‘ടാങ്ക’കളിൽ ആദ്യ നാലുഖലീഫമാരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫിറോസ് ഷാ III-മന്റെ ഭരണം നാണയത്തെ ജനകീയ കൈമാറ്റ മാധ്യമമാക്കി മാറ്റി. കമ്മട്ടത്തിന്റെ പേരും നാണയത്തിന്റെ പേരും രേഖപ്പെടുത്തിയിരിക്കുന്ന ബഹലോലിയായിരുന്നു ലോധി കുടുംബത്തിന്റെ തനതായ ഏകനാണയം. ഷെർഷാ സൂരി (1540-1545) ബില്ലൻ നാണയം നിർത്തലാക്കുകയും പുതിയ ചെമ്പു നാണയമായ ‘ദം’-ഉം അതിന്റെ ഉപനാണയങ്ങളും ഇറങ്ങുകയും ചെയ്തു. പുതിയ ഭാരക്രമത്തോടെ വെള്ളി ‘ടാങ്ക’കൾ വ്യാപിപ്പിക്കുകയും ‘റുപി’ മാനക നാണയമായി മാറ്റുകയും ചെയ്തു. ഇതിലെ ലിഖിതങ്ങൾ പരമ്പരാഗത ‘കലിമ’യെ പിന്തുടർന്നുള്ളവയായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് സ്വർണനാണയങ്ങൾ വളരെ കുറവായിരുന്നു. പ്രധാന സ്ഥലങ്ങളിലൊക്കെ കമ്മട്ടം സ്ഥാപിച്ചു എന്നതായിരുന്നു മറ്റൊരു പരിഷ്കരണം.

വിജയനഗരം (എ.ഡി. 14-16 ശ.)

മുൻ ഹൊയ്സാല രാജാക്കന്മാർ ഭരിച്ച പ്രദേശങ്ങളിൽ 1336-ൽ വിജയനഗര സാമ്രാജ്യം സ്ഥാപിക്കപ്പെട്ടു. ഓരോ പ്രവിശ്യയിലും കമ്മട്ടങ്ങളും അവയെ ഏകോപിപ്പിക്കാൻ കേന്ദ്രീകൃത സംവിധാനങ്ങളും അദ്ദേഹം വികസിപ്പിച്ചു. കന്നട, നാഗരി, നന്ദി-നാഗരി ലിഖിതങ്ങൾ നാണയങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

നാണയനിർമ്മാണം പൂർണമായും സ്റ്റേറ്റിന്റെ കുത്തകയായിരുന്നില്ല. സ്വകാര്യവ്യക്തികളും നാട്ടുമുഖ്യന്മാരും അത് നിർവഹിച്ചിരുന്നു. ബരാകുറു ‘ഗദ്യന’യും, മാൻഗലോർ ‘ഗദ്യന’യും ഇതിനുദാഹരണമാണ്. മിക്ക നാണയങ്ങളും സ്വർണനിർമിതമായിരുന്നു. ‘പഗോഡ’യുടെ അര, കാൽ വിഭജനങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. ഹിന്ദു ദേവഗണങ്ങൾ നാണയങ്ങളിൽ ചിത്രണം ചെയ്തിരുന്നു.

ഗദ്യന, വരാഹ, പൊൻ, പഗൊഡ, പ്രതാപ എന്നിങ്ങനെ പലപേരുകളിൽ സ്വർണനാണയങ്ങളുണ്ടായിരുന്നു. ലിഖിതങ്ങളിൽ ചക്രഗദ്യന, കടഗദ്യന, പ്രതാപഗദ്യന, ഖട്ടി വരാഹ, ഡൊഡ വരാഹ മുതലായവയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പണം, ജിതൻ, കാശ് തുടങ്ങിയവ ചെമ്പുനാണയങ്ങളായിരുന്നു.

പടിഞ്ഞാറുമായുള്ള നിരന്തരവും വ്യാപകവുമായ ബന്ധത്തിന്റെ തെളിവുകളായി ക്രൂസോഡോ (പോർച്ചുഗീസ്) സ്വർണ ദിനാർ (ഈജിപ്ത്), ഫ്ളോറിൻ (ഇറ്റാലിയൻ), ഡുകറ്റ്സ് (വെനീഷ്യ), ലാറിൻസ് (പേർഷ്യ) എന്നീ നാണയങ്ങൾ ഈ പ്രദേശങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

മുഗളർ (1526-1857)

1526-ൽ ലോധിവംശത്തെ തകർത്തുകൊണ്ട് ബാബർ മുഗൾസാമ്രാജ്യം സ്ഥാപിച്ചു. മധ്യേഷൻ രീതിയിലുള്ള നാണയങ്ങളാണ് ബാബറും ഹുമയൂണും നടപ്പിലാക്കിയത്. മൊഹർ (സ്വർണം), രൂപ(വെള്ളി), ഡം (ചെമ്പ്) നാണയങ്ങൾ പ്രചാരത്തിൽ വന്നു. വെള്ളിരൂപയായിരുന്നു അടിസ്ഥാന നാണയം. ഭാരം 178 ഗ്രെയിൻസ് ആയി നിജപ്പെടുത്തിയിരുന്നു. ഇതിൽ അന്യലോഹങ്ങൾ നാല് ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് നിഷ്കർഷിച്ചിരുന്നു. ജഹാംഗീർ ഇത് 180 ഗ്രെയിൻസ് ആയി ഉയർത്തി. ചെറുവിനിമയങ്ങൾക്ക് ചെമ്പ് ഡം (323 ഗ്രെയിൻസ്) ഉപയോഗിച്ചു.

കാലിഗ്രാഫിയും പേർഷ്യൻ നസാലിക് ലിപികളും ഉപയോഗിച്ചുകൊണ്ട് നാണയങ്ങൾ അലങ്കരിച്ചു. ഖുറാനിക് വചനങ്ങളും മതധർമങ്ങളും കലിമയും നാല് പ്രവാചകന്മാരുടെ പേരുകളും നാണയങ്ങളിൽ മുദ്രണം ചെയ്തിരുന്നു. ഒപ്പം ഭരണാധികാരിയുടെ പേര്, പദവി, നാമം, ഹിജറവർഷം, കമ്മട്ടത്തിന്റെ പേര് തുടങ്ങിയവയും ആലേഖനം ചെയ്തിട്ടുണ്ട്.

അക്ബറിന്റെ ഭരണകാലത്ത് നാണയസമ്പ്രദായം പരിപൂർണമായും ഉടച്ചുവാർത്തു. ഉരുക്കുകൊണ്ട് അച്ചുകൾ നിർമ്മിക്കുകയും വിദഗ്ദ്ധ കാലിഗ്രാഫറെക്കൊണ്ട് രൂപകല്പനചെയ്ത കമ്മട്ടങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ചിത്രകാരനും, കാലിഗ്രാഫറുമായ അബ്ദുൽ സമദിനെ ഇറാനിൽ നിന്ന് അക്ബർ വരുത്തുകയും നിർമ്മാണശാലയുടെ ചുമതല നല്കുകയും ചെയ്തു.

‘കലിമ’യ്ക്കു പകരം മറ്റ് രേഖപ്പെടുത്തലുകളും ഹിജറയ്ക്കു പകരം ഇലാഹി തീയതിയും നാണയങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങി. ചെമ്പുനാണയങ്ങൾക്ക് 42-ലേറെ സ്ഥലങ്ങളിലും, രൂപയ്ക്ക്-14 ഇടങ്ങളിലും, മൊഹൂറിന് നാല് ഇടങ്ങളിലും കമ്മട്ടം സ്ഥാപിച്ചു. അക്ബറിന്റെ കാലത്ത് കമ്മട്ടം ചെയ്ത, ഡയമണ്ട് കട്ടയുടെ ആകൃതിയിലുള്ള മൊഹൂർ, മിഹ്റാബിസ് എന്നിവ സവിശേഷ നാണയങ്ങളായിരുന്നു. അക്ബർ രൂപീകരിച്ച ദിൻ ഇലാഹി എന്ന മതത്തിന്റെ പ്രചാരണത്തിനും നാണയങ്ങൾ ഉപയോഗിച്ചു. അതിനുവേണ്ടി ‘ഇലാഹിവർഷം’ നാണയത്തിൽ ഉപയോഗിച്ചു.

നാണയങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ ജഹാംഗീർ കാര്യമായി യത്നിച്ചു. അക്ബർ ഉപേക്ഷിച്ച മതപരമായ ചിഹ്നങ്ങൾ അദ്ദേഹത്തിനുശേഷം വീണ്ടും നാണയങ്ങളിൽ സ്ഥാനം പിടിച്ചു. ഇവരുടെ നാണയമായ രൂപ ആധുനിക നാണയമായി മാറി.